കണ്ണൂര്‍: ഇരിക്കൂര്‍, കല്യാട്ടെ ഭര്‍തൃവീട്ടില്‍ നിന്നും കര്‍ണാടക ഹുന്‍സൂര്‍ സ്വദേശിനി ദര്‍ഷിത പണവും സ്വര്‍ണവും കവര്‍ച്ച ചെയ്ത കേസ് വഴിത്തിരിവില്‍. ദര്‍ഷിതക്കും കാമുകനും പൂജാരിക്കും പുറമെ മറ്റൊരു യുവാവിന് കൂടി സംഭവവുമായി ബന്ധമുണ്ടെന്ന നിര്‍ണായക വിവരം ഇരിക്കൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ആഗസ്ത് 22നാണ് കല്യാട്ടെ സുഭാഷിന്റെ വീട്ടില്‍ നിന്ന് 30 പവനും നാല് ലക്ഷം രൂപയും കൈക്കലാക്കി ഭാര്യ ദര്‍ഷിത, രണ്ടര വയസുള്ള മകള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയത്. പിറ്റേ ദിവസം കര്‍ണ്ണാടക, സാലി ഗ്രാമിലെ ലോഡ്ജില്‍ കാമുകന്‍ സിദ്ധരാജുവിനൊപ്പം മുറിയെടുത്ത ദര്‍ഷിത ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടു. ദര്‍ഷിതയെ കൊലപ്പെടുത്തിയ സിദ്ധരാജു ഇപ്പോള്‍ ജയിലിലാണ്. ദര്‍ഷിത ഭര്‍തൃവീട്ടില്‍ നിന്ന് കൈക്കലാക്കിയ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ താന്‍ കൈപ്പറ്റിയതായി സിദ്ധരാജു സമ്മതിച്ചിരുന്നു. ബാക്കി രണ്ട് ലക്ഷം രൂപ വീടിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ മഞ്ചുനാഥയെ ദര്‍ഷിത ഏല്‍പ്പിച്ചിരുന്നു. വീട്ടിലെ പ്രേതബാധ ഒഴിപ്പിക്കാന്‍ വേണ്ടിയായിരുന്നു പണം നല്‍കിയത്. രണ്ട് ലക്ഷം രൂപ പൂജാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കവര്‍ച്ച ചെയ്ത സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്വര്‍ണ്ണം പൂജാരിക്ക് ലഭിച്ചിട്ടുണ്ടാകുമെന്ന സംശയത്തെത്തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി പൂജാരിയെ ഇരിക്കൂര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയും മൊഴിയെടുത്തിരുന്നു. എന്നാല്‍ സ്വര്‍ണം ഇയാളുടെ കൈവശമില്ലെന്ന് വ്യക്തമായി. അതിനിടയിലാണ് നിര്‍ണായകമായ ഒരു സി.സി.ടി.വി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചത്. വീരാജ്പേട്ട, ബിലിക്കര എന്ന സ്ഥലത്ത് വച്ച് ദര്‍ഷിത മറ്റൊരു യുവാവിനെ കാണുന്ന ദൃശ്യമാണ് ലഭിച്ചത്. യുവതി ഭര്‍തൃവീട്ടില്‍ നിന്ന് കവര്‍ച്ച നടത്തി നാട്ടിലേക്ക് പോകുന്നതിനിടയിലാണ് യുവാവുമായി സന്ധിച്ചത്. ഇതിന് ശേഷമാണ് കാമുകന്‍ സിദ്ധരാജു യുവതിയെ കാണുന്നത്. അതിനാല്‍ ഈ യുവാവിനെ സ്വര്‍ണാഭരണം ഏല്‍പ്പിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇരിട്ടി ഡിവൈ.എസ്.പി: ടി.കെ.ധനഞ്ജയബാബുവിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡംഗങ്ങളായ എ.എം.സിജോയ്, കെ.ജെ.ജയദേവന്‍, പി.രതീഷ്, കെ.പി.നിതീഷ്, വി.ഷാജി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
