കാസര്‍കോട്: രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന ബേഡകം പൊലീസ് സ്റ്റേഷനിലെ ജീപ്പിനെ ആള്‍ട്ടോ കാര്‍ മൂന്നു തവണ ഇടിച്ചു. മൂന്നാമത്തെ ഇടിയില്‍ പൊലീസ് വാഹനം കാട്ടിലേയ്ക്ക് തെറിച്ചുവീണതോടെ ആള്‍ട്ടോകാറുമായി അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് ജീപ്പ് ഡ്രൈവര്‍ രാകേഷിന്റെ കൈമുട്ടിനു പരിക്കേറ്റു. അക്രമത്തിനു ഉപയോഗിച്ച കാര്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച രാത്രി 11.30 മണിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ-”ഒരു എ എസ് ഐയുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ്. പള്ളത്തുങ്കാലില്‍ എത്തിയപ്പോള്‍ ആള്‍ട്ടോ കാര്‍ എത്തി. കൈകാണിച്ചുവെങ്കിലും നിര്‍ത്തിയില്ല. സംശയം തോന്നി പൊലീസ് വാഹനം കാറിനെ പിന്തുടര്‍ന്നു. കുറ്റിക്കോലില്‍ എത്തിയപ്പോള്‍ പൊലീസ് വാഹനം കാറിനെ മറികടന്നു. പിടികൂടാനുള്ള ശ്രമത്തിനിടയില്‍ കാര്‍ പൊലീസ് വാഹനത്തില്‍ ഇടിച്ച ശേഷം ബന്തടുക്ക ഭാഗത്തേയ്ക്ക് അമിതവേഗതയില്‍ ഓടിച്ചു പോയി. കാറിനെ പിന്തുടര്‍ന്ന പൊലീസ് വാഹനത്തെ ബന്തടുക്കയില്‍ വച്ചും കാര്‍ ഇടിച്ചു. എന്നിട്ടും നിര്‍ത്താതെ ഓടിയ കാര്‍ കുറ്റിക്കോല്‍ ഭാഗത്തേയ്ക്ക് തിരിഞ്ഞോടി. പൊലീസ് പിന്തുടരുകയും ചെയ്തു. കാര്‍ വീണ്ടും പള്ളത്തുങ്കാലില്‍ എത്തി ചുള്ളിക്കര റോഡിലേയ്ക്ക് തിരിഞ്ഞു. പൊലീസ് വാഹനവും പിന്തുടര്‍ന്നു. കുറച്ചു ദൂരം ഓടിയപ്പോള്‍ എതിര്‍ഭാഗത്തു നിന്നു മറ്റൊരു വണ്ടി എത്തി. ഈ സമയത്ത് കാറിനെ മറി കടക്കാന്‍ ശ്രമിച്ച പൊലീസ് വാഹനത്തില്‍ കാര്‍ വീണ്ടും ഇടിച്ചു. ഇതോടെ പൊലീസ് വാഹനം റോഡരുകിലെ കാട്ടിലേയ്ക്ക് വീണു. അപകടത്തില്‍ പൊലീസ് ഡ്രൈവറുടെ കൈമുട്ടിനു പരിക്കേറ്റു. പൊലീസ് വാഹനത്തിനു കാര്യമായ കേടുപാടും ഉണ്ടായി. സ്ഥലത്ത് നിന്നു ഓടിപ്പോയ കാര്‍ പിന്നീട് എങ്ങോട്ട് പോയതെന്നു വ്യക്തമല്ല. കാര്‍ ഓടിച്ചിരുന്ന ആളെ കൂടാതെ ഒരു യുവതി കൂടി കാറിനകത്ത് ഉണ്ടായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തി കാര്‍ കണ്ടെത്താന്‍ അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. കാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്”. അതേസമയം വ്യാഴാഴ്ച രാത്രി ഉണ്ടായ സംഭവത്തില്‍ വെള്ളിയാഴ്ച വരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഇത്രയും സമയത്തെ ഓട്ടത്തിനിടയിൽ കൂടുതൽ പോലീസ്സുകാരെ പ്രധാന കേന്ദ്രങ്ങളിൽ വിന്യസിക്കാൻ പോലീസ്സ് ജാഗ്രത കാട്ടിയിരുന്നുവെങ്കിൽ എന്ന് ഏതൊരാളും ചിന്തിച്ചു പോകും.