കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു തൊഴിലാളി ചെറുപുഴ സ്വദേശി തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
പ്രദേശത്തെ റോഡിന് അരികിലായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അരികിലുള്ള കുന്ന് ഇടിഞ്ഞ് ഇരുവരുടെയും ദേഹത്ത് പതിക്കുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഇരുവരെയും ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പുറത്തെത്തിച്ചു.
ഗുരുതരമായി പരിക്കേറ്റ മനീഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കുകളോടെ രക്ഷപ്പെട്ട തങ്കച്ചൻ ചികിത്സയിൽ തുടരുകയാണ്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
