കാസർകോട്: ബന്തടുക്ക, ബേത്തലം, ഉന്തത്തടുക്കയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയുടെ ആത്മഹത്യാ കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ചൊവ്വാഴ്ച രാവിലെയാണ് ദേവികയെ കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. ദേവികയും സഹോദരനും അമ്മൂമ്മയ്ക്കൊപ്പമാണ് താമസം. അച്ഛൻ മരണപ്പെട്ടതിനെ തുടർന്ന് അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. ദേവിക എന്തിനാണ് ജീവനൊടുക്കിയതെന്നു ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമ്മൂമ്മയിൽ നിന്നും സഹോദര നിൽ നിന്നും മൊഴിയെടുത്തുവെങ്കിലും കാരണം സംബന്ധിച്ച ഒരു സൂചനയും ലഭിച്ചില്ല. ദേവികയുടെ മൊബൈൽ ഫോൺ തുറന്നു പരിശോധിക്കാൻ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതേ തുടർന്നാണ്സൈബർ സെല്ലിന്റെ സഹായം തേടിയത്. ദേവിക മരണപ്പെടുന്നതിനു മുമ്പ് ഫോണിലേയ്ക്ക് വന്നതും പോയതുമായ കോളുകൾ പരിശോധിച്ചാൽ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച സൂചനകൾ ലഭിക്കുമെന്നാണ് കേസ് അന്വേഷിക്കുന്ന ബേഡകം പൊലീസിന്റെ പ്രതീക്ഷ. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ഇതിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
