തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പൊലീസിനു നേരെ കെ എസ് യു പ്രവര്‍ത്തകര്‍ കല്ലും കമ്പുകളും എറിഞ്ഞതോടെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. ബാരിക്കേഡ് മറിച്ചിടാനും ചാടിക്കയറാനും കെ എസ് യു പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നു ശ്രമം ഉണ്ടായി. വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള കെ എസ് യു പ്രവര്‍ത്തകര്‍ സ്ഥലത്തു തുടരുന്നു. നിയമസഭയ്ക്കകത്ത് വിലക്കയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിന്മേല്‍ നിയമസഭയ്ക്ക് അകത്ത് ചര്‍ച്ച തുടരുമ്പോഴാണ് കെ എസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
