തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും, യഥാര്‍ത്ഥ മരണസംഖ്യ മറച്ചുവെച്ച് ആരോഗ്യവകുപ്പ് മേനി നടിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തി. പകര്‍ച്ചവ്യാധിയല്ലെങ്കില്‍ പോലും രോഗം ക്രമാതീതമായി വര്‍ധിക്കുന്നത് എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് എന്‍. ഷംസുദ്ദീന്‍ എംഎല്‍എ കുറ്റപ്പെടുത്തി. കുളത്തില്‍ കുളിച്ചവര്‍ക്കാണു രോഗം വരുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ കുളിച്ചവരും രോഗം വന്നു മരിച്ചു. പിറന്നു നാലു മാസമായ കുഞ്ഞും മരിച്ചു. നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞില്ല. ഈ കപ്പല്‍ പൊങ്ങാനാവാത്ത വിധം മുങ്ങിയെന്നും കപ്പിത്താനുണ്ടായിട്ട് കാര്യമില്ല കപ്പല്‍ മുങ്ങിയെന്നും ആരോഗ്യമന്ത്രിയെ പരഹസിച്ചുകൊണ്ട് എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ ഇരുട്ടില്‍ തപ്പുന്നത് പ്രതിപക്ഷമാണെന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ് സഭയില്‍ തിരിച്ചടിച്ചു. അതേസമയം പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചര്‍ച്ചക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ ആരോഗ്യ വകുപ്പിനെതിരെയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വീണ ജോര്‍ജ് മറുപടി പറഞ്ഞു. അമീബിക്ക് മസ്തിഷ്‌ക ജ്വരം അപൂര്‍വ്വ രോഗമാണ് എല്ലാ ജലാശയത്തിലും അമീബ സാധ്യതയുണ്ട്. രോഗം കണ്ടെത്തിയാല്‍ ചികിത്സ നല്‍കി. കൃത്യമായ സമയത്ത് രോഗം കണ്ടെത്താനും ചികിത്സ നല്‍കാനും കഴിഞ്ഞു. രോഗം കണ്ടെത്തിയപ്പോള്‍ തന്നെ ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 2024 ല്‍ അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സിക്കുന്നതിനായി കൃത്യമായ ഗൈഡ് ലൈന്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തു എന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. കേരളം ആരോഗ്യ മേഖലയില്‍ അമേരിക്കന്‍ ഐക്യനാടുകളേക്കാള്‍ മുന്നിലാണെന്നും കേരളം പോലൊരു സംസ്ഥാനത്തിന് അത് അഭിമാനമാണ്. എന്നാല്‍ പ്രതിപക്ഷം അത് അഭിമാനമായല്ല അപമാനമായാണ് കണക്കാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
