കാസർകോട്: ദേശീയപാത നിർമ്മാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിൽ രണ്ടു തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ചു രക്ഷപ്പെട്ട പിതാവ് മകനും രത്നഗിരിയിൽ പിടിയിലായി. പഞ്ചാബ് സ്വദേശികളായ രഞ്ജിത്ത് സിംഗ്, മകൻ ഹർസിം രഞ്ജിത്ത് സിംഗ് എന്നിവരെയാണ് മഹാരാഷ്ട്ര രത്നഗിരി ജില്ലയിലെ ചിപ്ലൂൺ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ഇരുവരും മയിലാട്ടിയിലെ ലേബർ ക്യാമ്പിൽ അക്രമം നടത്തിയത്. തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കം ആക്രമത്തിൽ കലാശിക്കുകയായിരുന്നു. ഉത്തരേന്ത്യൻ സ്വദേശികളായ യതിവീന്ദർ സിംഗ്, ഗുർബാസിംഗ് എന്നിവരെയാണ് കുത്തി പരിക്കേൽപ്പിച്ചത്. അക്രമത്തിനുശേഷം പ്രതികൾ രണ്ടുപേരും ഒളിവിൽ പോയി. വിവരത്തെ തുടർന്ന് ബേക്കൽ ഇൻസ്പെക്ടർ എം വി ശ്രീദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതികൾ ട്രെയിനിൽ ജില്ല വിടാനുള്ള സാധ്യതയെ തുടർന്ന് പൊലീസ് ആർപിഎഫിനും റെയിൽവേ പൊലീസിനും വിവരം കൈമാറിയിരുന്നു. നാഗർകോവിൽ -ഗാന്ധിധാം എക്സ്പ്രസിൽ പ്രതികൾ കയറിയിട്ടുണ്ടെന്ന സൂചനയെ തുടർന്ന് ഗോവയിലെ ആർ പി എഫിനും വിവരം കൈമാറി. കാസർകോട് റെയിൽവേ പൊലീസ് എസ് എച്ച് ഒ റെജികുമാർ, ഇന്റലിജൻസ് ഓഫീസർ ജ്യോതിഷ് കുമാർ, ആർപിഎഫ് എസ് ഐ സുനിൽ, എച്ച് സി സത്താർ, സിപിഒ ബിബിൻ മാത്യു, കോഴിക്കോട് ഐആർപി തെഫ്റ്റ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ചിപ്ലൂൺ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽനിന്ന് പ്രതികളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. വിവരത്തെ തുടർന്ന് ബേക്കൽ ഇൻസ്പെക്ടർ എംവി ശ്രീദാസും സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നടന്ന ആക്രമത്തിൽ പരിക്കേറ്റ ഒരാൾ മംഗളൂരുവിലെ ആശുപത്രിയിലും മറ്റൊരാൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.
