കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസിൽ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ സൈനുദ്ധീനെ അന്വേഷണ വിധേയമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ചൊവ്വാഴ്ചയാണ് പടന്ന സ്വദേശിയും പടന്നക്കാട് താമസക്കാരനുമായ സൈനുദ്ദീനെ നീലേശ്വരം പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു തൊട്ടുപിന്നാലെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഷൻ ഓർഡർ ഇറക്കിയത്. 16 കാരനായ ആൺകുട്ടിയുടെ പരാതി പ്രകാരം ചന്തേര പൊലീസ് നിലവിൽ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ സൈനുദ്ദീൻ ഉൾപ്പെടെ പത്തു പ്രതികളെ ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മൂന്നു കേസുകൾ കോഴിക്കോട്, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് റഫർ ചെയ്തു. അറസ്റ്റിലായ മുഴുവൻ പ്രതികളെയും റിമാന്റ്ചെയ്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ തൃക്കരിപ്പൂർ സ്വദേശി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
