തിരു: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്റ്റേഷനിലിട്ടു തല്ലിച്ചതച്ച പൊലീസുകാരെ സര്‍വ്വീസില്‍ നിന്നു പിരിട്ടുവിടുംവരെ പ്രതിപക്ഷം സെക്രട്ടറിയേറ്റ് കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹമാരംഭിച്ചു.
യു ഡി എഫിലെ എ കെ എം അഷ്‌റഫ്, സനീഷ് കുമാര്‍ എന്നീ എം എല്‍ എമാരാണ് സത്യാഗ്രഹമാരംഭിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ പൊലീസ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അക്രമികളായ പൊലീസുകാരെ സര്‍വ്വീസില്‍ നിന്നു പിരിച്ചു വിടണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്നു സ്പീക്കര്‍ തള്ളിക്കളഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷാംഗങ്ങള്‍ വാക്കൗട്ട് ചെയ്തു.
വിവിധ കാലഘട്ടങ്ങളില്‍ മുഖ്യമന്ത്രിയും സി പി എം അംഗങ്ങളും നിയമസഭയില്‍ പൊലീസിനെതിരെ നടത്തിയ പ്രസംഗങ്ങള്‍ അതേപടി പ്രതിപക്ഷാംഗങ്ങള്‍ ഇന്നു സഭയില്‍ എടുത്തുകാട്ടി. പൊലീസ് നീതിയും നിയമവും ലംഘിച്ചാല്‍ അതിനു സംരക്ഷണം നല്‍കുന്നവര്‍ക്കു തിരിച്ചടി നേരിടേണ്ടിവരുമെന്ന സി പി എം നേതാവായിരുന്ന വി എസിന്റെ മുന്നറിയിപ്പും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ എടുത്തുകാട്ടി.
സംസ്ഥാന വ്യാപകമായി അഴിഞ്ഞാടുന്ന പൊലീസിന്റെ പൂര്‍ണ ചിത്രം പ്രതിപക്ഷാംഗങ്ങള്‍ അതിരൂക്ഷമായി സഭയിലവതരിപ്പിച്ചു. ഭരണ പക്ഷാംഗങ്ങള്‍ അതില്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്ന മുഖ്യമന്ത്രി പൊലീസിന്റെ കുപ്പങ്ങള്‍ക്കു ബ്രിട്ടീഷുകാരാണെന്നു വരുത്തിത്തീര്‍ക്കാന്‍ പരോക്ഷമായി ശ്രമിച്ചു. ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ പൊലീസ് സംവിധാനത്തിന്റെ പ്രേതങ്ങള്‍ പൊലീസിലിന്നും തുടരുന്നു. സ്വാതന്ത്ര്യപ്പിറവിക്കു ശേഷം കമ്മ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്താന്‍ പൊലീസിനെ ഉപയോഗിച്ചതാരാണെന്നു പ്രതിപക്ഷാംഗങ്ങളോടു മുഖ്യമന്ത്രി ചോദിച്ചു. അന്നു കമ്മ്യൂണിസ്റ്റു വേട്ടക്കു കുറുവടിപ്പടയും പൊലീസും ഒറ്റക്കെട്ടായിരുന്നു. ആ സംഘം കമ്മ്യൂണിസ്റ്റുകാരെയും കര്‍ഷക സമരങ്ങളെയും എന്തൊക്കെ ചെയ്തു. അതിനെതിരെ എന്തെങ്കിലും നടപടി ഉണ്ടായോ? അന്നു ലോക്കപ്പുകളില്‍ പ്രതികളെ ഇടിച്ചു കൊല്ലുന്ന സംഭവമുണ്ടായിട്ടില്ലേ? ലോക്കപ്പില്‍ നിന്നു ഇറക്കിക്കൊണ്ടുപോയി വെടിവച്ചു കൊന്നിട്ടില്ലേ? അതു കോണ്‍ഗ്രസ് ഭരണത്തിലല്ലായിരുന്നോ? എന്നിട്ട് എന്തു നടപടിയുണ്ടായി? പണ്ടു നാട്ടില്‍ അക്രമത്തിനു കത്തിയാണ് ആയുധമാക്കിയിരുന്നത്. അത് ബോംബാക്കിയതാരാ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
എന്തൊക്കെ ചെയ്തു? അന്നു കുഴപ്പക്കാരെ പൊലീസ് സംരക്ഷിക്കുകയായിരുന്നില്ലേ? ഇന്നതാണോ സ്ഥിതി- മുഖ്യമന്ത്രി ചോദിച്ചു. ഞങ്ങളിന്നു കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുന്നു. പൊലീസിന്റെ യൂണിഫോമിട്ട എല്ലാവരും തന്റെ സര്‍ക്കാരിന്റെ സമീപനങ്ങള്‍ പിന്തുടരുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ 144 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. രാജ്യത്തെ പൊലീസ് സംവിധാനത്തില്‍ ഏറ്റവും മികച്ചതു കേരളാ പൊലീസാണ്. കേരള പൊലീസിന് എത്രയെത്ര പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു- മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചു.
