കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ച ഉന്നതരടങ്ങുന്ന എട്ടുപേർ പൊലീസ് പിടിയിലായി. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഒൻപത് പേരുൾപ്പെടെ 14 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഇതിൽ അഞ്ചുപേർ ജില്ലയ്ക്ക് പുറത്തായതിനാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവര്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. രണ്ടുവർഷത്തോളമായി ഇവർ പീഡിപ്പിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. കാസര്‍കോട് ജില്ലയിലും, ജില്ലയ്ക്ക് പുറത്തുമായാണ് പ്രതികള്‍ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് കേസിലേക്കെത്തിയത്. മാതാവിനെ കണ്ടയുടനെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ചന്തേര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് 16-കാരനെ ചൈൽഡ് ലൈനിൽ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ചൈൽഡ് ലൈനിൽനിന്ന് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാൽ, ചന്തേര പൊലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. രണ്ട് വീതം പ്രതികളെ പിടികൂടുന്നതിന് ഓരോ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല നൽകിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥൻ, ആർപിഎഫ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാവ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ടെന്നാണ് വിവരം.
