കൊല്ലം: വിലങ്ങറ പിണറ്റിന്‍മൂടില്‍ മൂന്നു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പിണറ്റിന്‍മൂട് തെറ്റിക്കുന്നില്‍ വീട്ടില്‍ ധന്യയുടെയും ബൈജുവിന്റെയും ഇളയമകന്‍ ദിലന്‍ ബൈജുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. വാടകവീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഈ വീടിനു സമീപത്തുള്ള കുടുംബ വീട്ടിലെ വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയാണ് അപകടം. മൂത്തമകന്‍ ദിയാനെ സ്‌കൂളിലാക്കിയ ശേഷം ധന്യയുടെ മാതാവ് താമസിക്കുന്ന വീട്ടിലേക്ക് വന്നിരുന്നു. മാതാവുമായി ധന്യ സംസാരിച്ചു നില്‍ക്കുന്നതിനിടെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടി നടന്നു നീങ്ങി. സംഭവം ശ്രദ്ധയില്‍പെട്ട മാതാവ് ഓടിയെത്തുമ്പോഴേക്കും ചെറിയ ആള്‍മറയുള്ള കിണറ്റില്‍ കുട്ടി വഴുതി വീണു. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് ബൈജു വിദേശത്താണ്.
