ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി ഗിരീഷ് വാക്കാല്‍ നിരീക്ഷിച്ചതോ, അതല്ല അംഗീകൃത നിയമം അനുശാസിക്കുന്നത് പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ച് വിധിയെഴുതി കോടതി സമക്ഷം വായിച്ചതോ?
കോടതി പറഞ്ഞത്: നമ്മുടെ കുട്ടികള്‍ പ്രണയം പഠിക്കട്ടെ. പ്രണയിച്ചു പഠിക്കട്ടെ. അവര്‍ പ്രണയം തുടരട്ടെ- (മാതൃഭൂമി- 10-09-2025) പ്രായോഗികജ്ഞാനം നേടട്ടെ, ആ വിഷയത്തിലും എന്നര്‍ത്ഥം. കാലത്തിനൊത്ത കോലം കെട്ടിയാല്‍പ്പോരാ, അറിവും നേടണം. പ്രായോഗികജ്ഞാനം ആര്‍ജ്ജിക്കണം.
പ്രണയം പുഷ്പിക്കാനുള്ള പ്രായ വ്യവസ്ഥ നിശ്ചയിച്ചത് സര്‍ക്കാര്‍. അതും കാലത്തിനനുസരിച്ച് മാറ്റിക്കൊണ്ട്. ഇപ്പോള്‍ നിലവിലുള്ള വ്യവസ്ഥ, പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്താം എന്ന്. അക്കാര്യത്തില്‍ ലിംഗ ഭേദമുണ്ട്- പെണ്ണിന് പതിനെട്ട് വയസ്സ്. ആണിന് ഇരുപത്തൊന്നും. ഇതില്‍ കുറവുള്ളവര്‍ തമ്മിലുള്ള വിവാഹ ബന്ധം കുറ്റം. പീഡനം. പോക്‌സോ നിയമപ്രകാരം കേസെടുക്കും. തെളിവെടുത്ത് വിലയിരുത്തി ശിക്ഷിക്കും.
ഇത് പ്രകാരമാണ് തിരുവനന്തപുരം പോക്‌സോ കോടതി 2023ല്‍, പതിനെട്ടുകാരന്റെ പേരില്‍ കേസെടുത്തത്. കൂടെ പഠിക്കുന്ന, പതിനേഴര വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി, പോക്‌സോ ആക്റ്റ് പ്രകാരം.
കേസ് റദ്ദാക്കണമെന്നഭ്യര്‍ത്ഥിച്ച് കുറ്റാരോപിതന്‍ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റീസ് ഗിരീഷ് കേസ് പരിഗണിച്ചു. തന്നെ തട്ടിക്കൊണ്ടുപോയതല്ല, സഹപാഠിയോടൊപ്പം സ്വമേധയാ താന്‍ പോയതാണ്. വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ തനിക്ക് പതിനേഴര വയസ്സ്. നിയമപ്രകാരമുള്ള വിവാഹ പ്രായമെത്തുമ്പോള്‍, ആ മംഗളകര്‍മ്മം നടത്തുന്നതാണ്. തന്റെ പ്രിയപ്പെട്ടവരെ കുറ്റം ചുമത്തി ജയിലിലടക്കരുത്. പെണ്‍കുട്ടിയുടെ അപേക്ഷ. സത്യവാങ് മൂലം മുഖവിലയ്‌ക്കെടുത്ത് ബഹു. ഹൈക്കോടതി പോക്‌സോ കേസ് റദ്ദാക്കി പതിനെട്ടുകാരനെ വിട്ടയക്കാന്‍ ഉത്തരവിട്ടു.
പ്രണയബന്ധം തുടരാനാണ് ആഗ്രഹമെങ്കില്‍, കേസില്‍ പ്രതിയാക്കി ആ യുവാവിന്റെ ഭാവി തകര്‍ക്കാന്‍ പാടില്ല. അത് കൊടും ക്രൂരതയാകും. കേസ് ഇല്ലാതായാല്‍, അവര്‍ സമാധാനപൂര്‍വ്വം ഒന്നിച്ചു ജീവിക്കാനുള്ള സാധ്യത ഏറെയാണ്- കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ ജ. ഗിരീഷ് അഭിപ്രായപ്പെട്ടു. (യുവാക്കളുടെ മനസ്സ് വായിക്കാന്‍ ശേഷിയുള്ള വിവേക മതിയായ ന്യായാധിപന്‍ എന്ന് പറഞ്ഞാല്‍ കോടതി അലക്ഷ്യമാകുമെങ്കില്‍ ക്ഷമിക്കണം. നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു).
പെണ്‍കുട്ടി, പതിനേഴര വയസ്സുള്ളപ്പോഴാണ് കാമുകനോടൊപ്പം പോയത്. ആറ് മാസം കൂടി കാത്തിരുന്നാല്‍ വയസ്സ് പതിനെട്ടാകും. ഉഭയ സമ്മത പ്രകാരം ഒന്നിച്ച് ജീവിക്കാന്‍ പോയി എന്ന് പറയാമായിരുന്നു. കൗമാരചാപല്യമാണ് ക്രിമിനല്‍ കേസായി പരിണമിച്ചത്-കോടതി വിലയിരുത്തി. ഈ ന്യായബോധം- വകതിരിവ്- പോക്‌സോ കോടതിക്കുണ്ടായില്ല. ചട്ടങ്ങള്‍ അക്ഷരാര്‍ത്ഥത്തിലെടുത്തു- നടപടികള്‍ കൈക്കൊണ്ടു.
കേച്ച് ദം യങ്- ഇളമയിലേ പിടിക്കുക, ഫുഡ് ആന്‍ഡ് സെക്‌സ്- ആരും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല എന്ന് മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡ്. പ്രായപരിധി വ്യവസ്ഥ നിശ്ചയിച്ചത് മുതിര്‍ന്നവരാണ്. കാലത്തിനനുസരിച്ച് അത് മാറേണ്ടതുണ്ട്; മാറിയിട്ടുണ്ട്; മാറ്റിയിട്ടുണ്ട്.
പൗരാണിക യുഗത്തിലേയ്ക്ക് നോക്കുക എന്നാണല്ലോ നാടുഭരിക്കുന്നവരില്‍ ചിലര്‍ പറയുന്നത്. ആദികാവ്യമായ വാല്‍മീകി രാമായണത്തില്‍ എന്തുപറയുന്നു? ദശരഥ പുത്രനായ ശ്രീരാമന്‍ ജനകപുത്രി സീതയ്ക്ക് വരണമാല്യം ചാര്‍ത്തുമ്പോള്‍ അവരുടെ പ്രായം. വാല്‍മീകി രാമായണം ബാലകാണ്ഡത്തില്‍ പറയുന്നു. രാമന് പതിനാറ് വയസ്സായിട്ടില്ല. ദശരഥന്‍ വിശ്വാമിത്ര മഹര്‍ഷിയോട് പറഞ്ഞത് ഊനഷോഡശവര്‍ഷ എന്ന്.
സീതയ്‌ക്കോ? പതീ സംയോഗ സുലഭമായ പ്രായം. അതായത്, ഇണചേരാന്‍ യോഗ്യമായപ്രായം. (2.118.34) മറ്റൊരിടത്ത് കാണുന്നത് പ്രകാരം വിവാഹ സമയത്ത് രാമന് പതിമൂന്ന് വയസ്സ്. സീതയ്ക്ക് ആറ്.
മനുസ്മൃതി പ്രകാരം പുരുഷന്റെ വിവാഹ യോഗ്യമായ പ്രായം 17 വയസ്സ്. സ്ത്രീയുടേത് അതില്‍ കുറഞ്ഞപ്രായം. (മനുസ്മൃതി അധ്യായം -3)
പിറകോട്ട് നടക്കുക എന്നതല്ല അഭിജ്ഞമതം. കോടതി പറഞ്ഞത് പോലെ കുട്ടികള്‍ പ്രണയവും പഠിക്കട്ടെ; പ്രണയിച്ച് പഠിക്കട്ടെ, ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സുചിന്തിതമായ നിലപാടും അതല്ലേ?
