ചെറുവത്തൂര്‍: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിലെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗത സൗകര്യത്തോടെയുള്ള അടിപ്പാത പണിയണമെന്നാവശ്യപ്പെട്ട് കര്‍മ്മ സമിതി നേതൃത്വത്തില്‍ ഈമാസം 22 ന് ജനകീയ പ്രക്ഷോഭം നടത്തും. അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി കര്‍മ്മ സമിതി ചെയര്‍മാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിവി പ്രമീളയുടെ നേതൃത്വത്തില്‍ എംപിക്കും എം എല്‍ എക്കും ജില്ലാകളക്ടര്‍ക്കും ഉള്‍പ്പെടെ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ സ്ഥല സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ പാത അതോറിറ്റി ഈ പ്രദേശത്തെയടക്കം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏതാണ്ടു പൂര്‍ത്തിയാക്കിയ രീതിയിലാണ് അറിയിപ്പ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് കര്‍മ്മ സമിതി പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ അണിനിരത്തി 22 ന് വൈകുന്നേരം 4 മണിക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ കര്‍മ്മ സമിതി കണ്‍വീനര്‍ മുകേഷ് ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സിവി പ്രമീള അധ്യക്ഷത വഹിച്ചു. എവി ദാമോദരന്‍, കെ സുന്ദരന്‍, പി.വി. രഘൂത്തമന്‍, കെവി സത്യപാലന്‍, എം. അമ്പുജാക്ഷന്‍, നാരായണന്‍, ജ്യോതിഷ് പികെ, കെപി രാമകൃഷ്ണന്‍ പ്രസംഗിച്ചു.
