തിരുവനന്തപുരം: സങ്കീര്‍ണ്ണങ്ങളായ നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ സംസ്ഥാന നിയമസഭയുടെ 14-ാമത് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനം, രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പരാതി തുടങ്ങിയവ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്നു കരുതുന്നു. തിങ്കളാഴ്ച അടുത്തിടെ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍, സിപിഐ നേതാവും എംഎല്‍എയുമായ വാഴൂര്‍ സോമന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച ശേഷം നാളത്തേക്കു പിരിയും.
ഇത്തവണ മൂന്നു ഘട്ടമായാണ് നിയമസഭ സമ്മേളിക്കുക. തിങ്കളാഴ്ച മുതല്‍ 19വരെ ഒന്നാംഘട്ടവും 29,30 തിയതികളില്‍ രണ്ടാംഘട്ടവും ഒക്ടോബര്‍ 6 മുതല്‍ 10 വരെ മൂന്നാം ഘട്ടവുമായാണ് 14-ാമതു സമ്മേളനം നടക്കുക.
കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടം നിയമസഭയിലെത്തിയാല്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ സെക്രട്ടേറിയറ്റ് പരിസരങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന കടം 4.8 ലക്ഷം കോടിയിലെത്തുകയും സംസ്ഥാനത്തെ നാണയപ്പെരുപ്പ നിരക്ക് 9.04 ശതമാനത്തിലെത്തുകയും ചെയ്തിട്ടുള്ള അപകടകരമായ സാമ്പത്തിക സ്ഥിതിയും രൂക്ഷമായ ചര്‍ച്ചക്കു വിധേയമായേക്കുമെന്നു കരുതുന്നു. വോട്ടര്‍ പട്ടിക, അപകടകരമായ വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതി തുടങ്ങിയവ വിവാദമാക്കി പ്രധാനപ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനും ശ്രമമുണ്ടായേക്കുമെന്നു സംസാരമുണ്ട്.
