തൃശൂർ: കഴിഞ്ഞ ദിവസം കാസർകോട്, കുറ്റിക്കോലിൽ നടന്നതിന്റെ സമാന രീതിയിൽ തൃശൂരിലും വധശ്രമവും ആത്മഹത്യയും . അകന്നു കഴിയുകയായിരുന്ന ഭാര്യയെ ചർച്ചയ്ക്ക് വിളിച്ച് വരുത്തി വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. ചാലക്കുടിക്കു സമീപത്തെ ആനച്ചിറയിലാണ് സംഭവം. ഭാര്യ അൽഫോൺസയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവായ ദേവസ്യയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇരുവരും കുറച്ചു കാലമായി അകന്നു കഴിയുകയായിരുന്നു. ഇരുവരും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിനിടയിൽ അൽഫോൺസയുടെ ഭാഗത്തു നിന്ന് പ്രകോപനം ഉണ്ടായതോടെ ദേവസ്യ കത്തിയെടുത്ത് വെട്ടുകയായിരുന്നു വത്രെ. ഭാര്യ മരിച്ചുവെന്നു കരുതി ദേവസ്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു സംശയിക്കുന്നു. വെട്ടേറ്റ അൽഫോൺസ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
