കൊല്ലം: നാലരവയസുകാരനെ അംഗന്‍വാടി ടീച്ചര്‍ ക്രൂരമായി തല്ലിയെന്ന് രക്ഷിതാക്കളുടെ പരാതി. കൊല്ലം ഏരൂരില്‍ ആണ് കുഞ്ഞിനോട് അധ്യാപിക ക്രൂരത കാട്ടിയത്. അടിയേറ്റ് രണ്ട് കാലിലെയും തുടയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് കുട്ടിയുടെ തുടകളില്‍ പാട് കണ്ടത്. തുടര്‍ന്ന് ചോദിച്ചപ്പോള്‍ അധ്യാപിക ഉപദ്രവിച്ച വിവരം വീട്ടുകാരോട് കുട്ടി പറയുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപികയെ സമീപിച്ചപ്പോള്‍ തന്നോട് ക്ഷമിക്കണം എന്നാണ് ടീച്ചര്‍ രക്ഷിതാക്കളോട് പറഞ്ഞത്. അധ്യാപികയെ 7 ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. കുട്ടിയെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.
