ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ടു പേർ മരിച്ചു. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടം. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. എന്‍എച്ച്-373 റോഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ഘോഷയാത്രയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ട്രക്ക് സൈഡിലേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗണേശ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് നടന്ന ഡിജെ ഡാന്‍സിനിടെയാണ് അപകടം. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഹാസനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എംഎൽഎ എച്ച്.ഡി.രേവണ്ണയും സ്ഥലം സന്ദർശിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
