പുല്‍പ്പള്ളി: വയനാട്ടില്‍ പഞ്ചായത്തംഗത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെ(67)യാണ് വീടിന് അടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി തങ്കച്ചന്‍ കേസില്‍ ആരോപണവിധേയനായിരുന്നു ജോസ്. തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ജോസ് നെല്ലേടം ഉള്‍പ്പെടെയുള്ളവരാണെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കവെയാണ് സംഭവം. പുല്‍പ്പള്ളി കേസില്‍ 17 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്കച്ചന്‍ ജയില്‍ മോചിതനായത്. തങ്കച്ചന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയില്‍ ഇട്ട ഇര മാത്രമാണെന്നും യാഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്നും തങ്കച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് സംഭവത്തിന് പിന്നിലെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കത്തിന് ഇരയാണ് ജോസെന്ന് ബിജെപി ആരോപിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ജോസ് കാഴ്ച വച്ചിരുന്നു.
