കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഗ്രാമിന് 70 രൂപയുടെ വര്‍ധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. 10,200 രൂപയായാണ് വില വര്‍ധിച്ചത്. പവന് 560 രൂപയുടെയും വര്‍ധനയുണ്ടായി. 81,600 രൂപയായാണ് വില വര്‍ധിച്ചത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സെപ്തംബര്‍ 10 ന് സ്വര്‍ണവില 81,000 കടന്നിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 60 രൂപ ഉയര്‍ന്ന് 8,375 രൂപയിലേക്ക് എത്തി. വെള്ളി വിലയിലും നേരിയ വര്‍ധന രേഖപ്പെടുത്തി. അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണവില ഉയരുന്നത്.
ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കും രാജ്യാന്തര സംഘര്‍ഷങ്ങളുമാണ് സ്വര്‍ണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങള്‍. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.4 ശതമാനം ഉയര്‍ന്ന് 3647.76 ഡോളറായി. ഈ ആഴ്ച മാത്രം സ്വര്‍ണവിലയില്‍ 1.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. യുഎസില്‍ സ്വര്‍ണത്തിന്റെ ഫ്യൂച്ചര്‍ വിലകളും ഉയരുകയാണ്. 0.4 ശതമാനം ഉയര്‍ന്ന് സ്വര്‍ണവില 3686.50 ഡോളറായി.
ഈ മാസം അവസാനത്തോടെ രാജ്യാന്തര സ്വര്‍ണ്ണവില 4,000 ഡോളറിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം അവസാനത്തടെ മൂന്ന് തവണ ഫെഡറല്‍ റിസര്‍വ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പുണ്ടായിരുന്ന പ്രവചനത്തില്‍ നിന്നും വിഭിന്നമാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. പലിശനിരക്ക് കുറക്കല്‍ മുന്നില്‍ കണ്ട് ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
