ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. നേതാക്കള്‍ കൈയടിയോടെയാണ് നിര്‍ദേശം പാസാക്കിയത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10-ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.
നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്.
കാനം രാജേന്ദ്രന്റെ വിശ്വസ്ഥനും എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശുഭേഷ് സുധാകറിനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. ഈ മാസം എട്ടിന് ആരംഭിച്ച സി പി ഐ സംസ്ഥാന സമ്മേളനം ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. ഇതിന് മുന്നോടിയായി വളിണ്ടിയര്‍ പരേഡ് നടക്കും. പൊതുസമ്മേളനം ഡി രാജ ഉദ്ഘാടനം ചെയ്യും.
