ആലപ്പുഴ: കായിക പരിശീലനത്തിനായി പോവുകയായിരുന്ന യുവ അത്‌ലറ്റ് വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ കലവൂരിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ ലക്ഷ്മി ലാൽ (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീതയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിനായി സ്കൂട്ടറിൽ പോവുകയായിരുന്നു ഇരുവരും. കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തുവച്ചാണ് ഇവരുടെ സ്കൂട്ടറും ഒരു ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിനീത ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും. കായികരംഗത്ത് വലിയ പ്രതീക്ഷ നൽകിയിരുന്ന യുവ താരത്തിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. ആലപ്പുഴ നഗരസഭ പൂന്തോപ്പ് സ്വദേശിയായ മണിലാലിന്റെ മകളാണ് ലക്ഷ്മി ലാൽ.
