കാസര്‍കോട്: സര്‍ക്കാരിന്റെ വികലമായ പൊതുവിദ്യാഭ്യാസ നയങ്ങള്‍ക്കും അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ അട്ടിമറിക്കുന്നതിനുമെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണയാത്ര 15ന് കാസര്‍കോട് നിന്ന് തുടക്കമാകും. 14 ജില്ലകളിലെ 39 സ്വീകരണ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി 27ന് സെക്രട്ടറിയേറ്റ് അധ്യാപക റാലിയോടെ സമാപിക്കും. പ്രസിഡണ്ട് കെ അബ്ദുല്‍ മജീദ് ജാഥ ക്യാപ്റ്റനും, ജനറല്‍ സെക്രട്ടറി പികെ അരവിന്ദന്‍ മാനേജറും ട്രഷറര്‍ അനില്‍കുമാര്‍ വട്ടപ്പാറ കോ-ഓര്‍ഡിനേറ്ററും, സംസ്ഥാന ഭാരവാഹികള്‍ സ്ഥിരം അംഗങ്ങളുമാണ്. തിങ്കളാഴ്ച യാത്ര കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും. രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. 27ന് തിരുവനന്തപുരത്ത് പതിനായിരത്തില്‍ പരം അധ്യാപകരുടെ പ്രകടനത്തോടെ ജാഥ സമാപിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് മുഖ്യപ്രഭാഷണം നടത്തും. വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുല്‍ മജീദ്, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, ജികെ ഗിരീഷ്, പി ശശീധരന്‍, പിടി ബെന്നി, ഗോപാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
