കണ്ണൂര്‍: വിവാഹിതയായ യുവതിയുടെ അവിഹിതബന്ധം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത മൂന്നംഗസംഘത്തിനെതിരെ കുടിയാന്‍മല പൊലീസ് കേസെടുത്തു. നടുവില്‍ സ്വദേശികളായ ശ്യാം, ഷമല്‍, ലത്തീഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതില്‍ ശ്യാം ഒരു അടിപിടിക്കേസില്‍ പ്രതിയായി നിലവില്‍ കണ്ണൂര്‍ സബ് ജയിലില്‍ റിമാന്റിലാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിക്ക് ആലക്കോട് സ്വദേശിയായ ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നു. ഇയാള്‍ ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇക്കാര്യം യുവാക്കള്‍ മനസിലാക്കിയിരുന്നു. ഒരു ദിവസം ആലക്കോടുകാരന്റെയും യുവതിയുടെയും കിടപ്പറരംഗം ശ്യാമും ഷമലും ഒളിച്ചുനോക്കുകയും, മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ഈ ദൃശ്യം ഉപയോഗിച്ച് ശ്യാമും ഷമലും യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്തു. നാട്ടില്‍പാട്ടാകുമെന്നു ഭയന്ന് യുവതി ആദ്യം പണം നല്‍കി പ്രശ്‌നം ഒതുക്കി. പണം കൈക്കലാക്കിയ ശേഷം ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞതായി യുവതിയെ വിശ്വസിപ്പിച്ചു. പിന്നീട് വീണ്ടും പണത്തിന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും കൂടാതെ ഈ ദൃശ്യം ഇവര്‍ സുഹൃത്തായ ലത്തീഫിന് കൈമാറുകയും ചെയ്തു. അതിനിടെ തനിക്ക് വഴങ്ങണമെന്ന് ലത്തീഫ് ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല. ലത്തീഫ് പണത്തിനും ആവശ്യപ്പെട്ടുവത്രെ. യുവതി നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി കുടിയാന്‍മല പൊലീസില്‍ പരാതി നല്‍കിയതും കേസായതും.
