കണ്ണൂര്‍: ബാറില്‍ വച്ച് പരിചയപ്പെട്ട് എടിഎം കാര്‍ഡും പിന്‍നമ്പറും കൈക്കലാക്കി യുവാവിന്റെ ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റിയിലെ മുസ്തഫ മന്‍സിലിലെ സഫാദ് സൂപ്പി (30), തൃശൂര്‍, എരിയക്കാടന്‍ അരുണ്‍ സുനില്‍ (24) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.
പെരളശ്ശേരി സ്വദേശിയായ ആഷിഖിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. കണ്ണൂരിലെ ഒരു ബാറില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ആഷിഖിനെ കൂടുതല്‍ മദ്യം കുടിപ്പിക്കുകയും ചെയ്തു. മദ്യത്തിന്റെ പണം ഓണ്‍ലൈനായി അടക്കാന്‍ ആഷിഖ് ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് സഫാദ് സൂപ്പിയും അരുണ്‍ സുനിലും എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തിയെടുക്കുകയും ചെയ്തു.
ആഷിഖ് കണ്ണൂരിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തിരുന്നു. മദ്യ ലഹരിയിലായിരുന്ന ഇയാളെ മറ്റു രണ്ടു പേരും ചേര്‍ന്ന് ലോഡ്ജ് മുറിയില്‍ എത്തിച്ചു. ഇതിനിടയില്‍ എടിഎം കാര്‍ഡു കൈക്കലാക്കി. തുടര്‍ന്ന് കാര്‍ഡ് ഉപയോഗിച്ച് ഇരുവരും ചേര്‍ന്ന് ഹാഷിഖിന്റെ അക്കൗണ്ടില്‍ നിന്നു ഒന്നേകാല്‍ ലക്ഷം രൂപ കൈക്കലാക്കി. പണം നഷ്ടപ്പെട്ട കാര്യം പിറ്റേ ദിവസമാണ് ഹാഷിഖിനു മനസ്സിലായത്. തുടര്‍ന്ന് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ബാറിലെയും ലോഡ്ജിലെയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ്.ഐ അനുരൂപും ഉണ്ടായിരുന്നു.
