തൊടുപുഴ: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയില്‍ ജോണ്‍സണ്‍ – വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ഇടുക്കി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പോകാന്‍ പലതവണ പറഞ്ഞിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ അജേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ കര്‍ത്താവ് രക്ഷിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍സണ്‍ പാസ്റ്ററാണ്. ഇയാളൊരു അന്ധവിശ്വാസിയാണെന്നും നാട്ടുകാര്‍ പറയുന്നു. വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടാത്ത വിഭാഗത്തില്‍ പെട്ടവരാണ്. തിരുവല്ലയില്‍ ജോലി ചെയ്യുന്ന ജോണ്‍സണും കുടുംബവും കുറച്ചു നാള്‍ മുന്‍പ് മുതലാണ് മണിയാറന്‍കുടിയില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്. ഇവര്‍ക്ക് മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇവരെ ഇയാള്‍ സ്‌കൂളില്‍ വിടാറില്ലെന്നും വിവരമുണ്ട്. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
