കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. മലപ്പുറം, കാസർകോട് സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. മലപ്പുറം വണ്ടൂർ സ്വദേശിക്ക് ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. ഓമശ്ശേരി സ്വദേശിയായ ഒൻപതുവയസുകാരി, മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ സ്ത്രീ, വയനാട് സ്വദേശിയായ രതീഷ് എന്നിവരാണ് മരണപ്പെട്ടത്.
വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും അമീബിക് മസ്തിഷ്കജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബകളാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. ഇതൊരു പകർച്ചവ്യാധിയല്ല.
