കോഴിക്കോട്: ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞകാര്യം സത്യം തന്നെയാണെന്നും ലോറി ഉടമയും യൂട്യൂബറുമായ മനാഫ്. ഒരുപാട് കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്, പക്ഷേ പ്രതികളെ ആരെയും പിടിച്ചിട്ടുമില്ല. സത്യം തെളിയണമെന്ന് മാത്രമാണ് തന്റെ ആവശ്യമെന്ന് മനാഫ് പറഞ്ഞു. എസ്‌ഐടി സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് സംരക്ഷണയില്‍ പോകും. തിങ്കളാഴ്ചയാണ് ഹാജരാവുക. പൊലീസ് സംരക്ഷണം നല്‍കുമെന്ന് കമ്മീഷണര്‍ അറിയിച്ചെന്ന് മനാഫ് പറഞ്ഞു.
തനിക്കെതിരെ ഉഡുപ്പി പൊലീസ് മതസ്പര്‍ധക്ക് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശനിയാഴ്ച വാറണ്ട് നല്‍കാന്‍ എത്തുമെന്ന് അറിയിച്ചതായും മനാഫ് പറഞ്ഞു. ധര്‍മസ്ഥലയില്‍ കൊലപാതകങ്ങള്‍ നടന്നുവെന്നത് സത്യമാണ്. പലരേയും അവിടെ ബലാത്സംഗം ഉള്‍പ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്.
പത്മലത, വേദവല്ലി, സൗജന്യ, അങ്ങനെ കൊല്ലപ്പെട്ട സ്ത്രീകളുടെ പട്ടിക നീളുകയാണ്.
കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തന്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങളില്‍ ഇടപെടണമെന്ന് അവിടുത്തെ ആക്ഷന്‍ കമ്മിറ്റിയാണ് എന്നോട് പറഞ്ഞത്. ഇനി ആക്ഷന്‍ കമ്മിറ്റി പറഞ്ഞതെല്ലാം കളവാണെങ്കില്‍ അതും തെളിയിക്കപ്പെടട്ടെ. അങ്ങനെയെങ്കില്‍ അസ്ഥികൂടങ്ങള്‍ എവിടെ നിന്ന് കിട്ടിയെന്നും തെളിയിക്കട്ടെ. അവര്‍ക്കുള്ള ശിക്ഷ കിട്ടണം. ധര്‍മസ്ഥലയിലെ സംഭവം മലയാളികളെ അറിയിക്കുക എന്നത് മാത്രമാണ് താന്‍ ചെയ്തതെന്ന് മനാഫ് പറഞ്ഞു. വ്യാജ ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന ടി. ജയന്തിനൊപ്പം ചേര്‍ന്നാണ് മനാഫ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ധര്‍മസ്ഥല വിവാദത്തിലാകുന്നത്.
