കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ്(45) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ രോഗം മൂര്‍ച്ഛിക്കുകയും, രാവിലെ ആറരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. രതീഷിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. മറ്റു സാരമായ അസുഖങ്ങള്‍ കൂടി ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 31 ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓമശ്ശേരിയില്‍ നിന്നുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞും, കണ്ണമംഗലം സ്വദേശിനിയായ റംല എന്ന 52 കാരിയുമാണ് മരിച്ചത്. ആഗസ്റ്റില്‍ റംലയും കുഞ്ഞും ഉള്‍പ്പെടെ ആകെ മൂന്ന് അമീബിക് മസ്തിഷ്‌ക ജ്വര മരണങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു മാസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് 28 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് കുഞ്ഞിന് അണുബാധയുണ്ടായതെന്ന് സംശയിക്കുന്നു.
