ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്രസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്റെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടക്കും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബി ദിനം ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12 നാണ് പ്രവാചകന്റെ ജന്മദിനം. റബീഉല്‍ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്ലിം സംഘടനകളുടെ മിലാദ് പരിപാടികള്‍ തുടരും. എ ഡി 570 ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്. സമസ്ത ഇ.കെ.വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സുന്നി മഹല്ല് ഫെഡറേഷൻ മൂന്നു മാസം നീളുന്ന മീലാദ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. സമസ്ത കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള കേരള മുസ്‍ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവസന്തം 1500 എന്ന പേരിൽ പ്രത്യേക ക്യാംപെയ്നുണ്ട്. 13ന് രാജ്യാന്തര മീലാദ് സമ്മേളനവും കോഴിക്കോട് നടത്തും.
