കൊച്ചി: ആഗോള അയ്യപ്പ സംഗമ പരിപാടി സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍െ ഭാഗമായാണ് പരിപാടിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തില്‍ സര്‍ക്കാരിനും ബോര്‍ഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോര്‍ഡിന് മറ്റു ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ശബരിമലയിലെ പന്തളത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദല്‍ സംഗമം നടത്താന്‍ സംഘപരിവാര്‍ ഒരുങ്ങുന്നു. ഈ മാസം 22നാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുക. അയ്യപ്പ സംഗമം തട്ടിപ്പ് ആണെന്നു കാണിക്കാനാണ് വിശ്വാസ സംഗമം നടത്തുന്നത്. ഇതിലേക്ക് അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ക്ഷണിക്കാനാണ് ശ്രമം.ശബരിമല കര്‍മ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായാണ് വിശ്വാസ സംഗമം നടത്തുന്നത്. ബദല്‍ സംഗമത്തിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്നേഹമാണ് ഇതിനു പിന്നിലെന്നും സതീശന്‍ പറഞ്ഞു.
