തിരുവല്ലം: പതിനേഴുകാരിയുമായി സൗഹൃദത്തിലായതിന്റെ പേരിൽ 50 കാരനായ ആൺസുഹൃത്തിനെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. തുടർന്ന് മരകമ്പുകളുപയോഗിച്ച് കൈയും കാലും അടിച്ചുപൊട്ടിച്ചു. ദേഹമാസകലം അടിച്ചു പരിക്കേല്പിച്ചു. സംഭവത്തിനുശഷം ബന്ധുവായ യുവാവും സുഹൃത്തുക്കളും പെൺകുട്ടിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.ഗുരുതര പരിക്കേറ്റ നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീമിനെ(50) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ യുവാക്കൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിനു മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെൺകുട്ടിയുമായി റഹീമിന് മാസങ്ങളായി പരിചയമുണ്ടായിരുന്നു. ഇത് ബന്ധുവായ യുവാവ് കണ്ടുപിടിച്ചിരുന്നു. 50 കാരൻ മൊബൈൽ ഫോണിൽ അയക്കുന്ന സന്ദേശങ്ങൾ ബന്ധു കണ്ടതോടെ പെൺകുട്ടിയെ ചോദ്യംചെയ്തു. തങ്ങൾ തമ്മിൽ സൗഹൃദത്തിലാണെന്നു പെൺകുട്ടി പറഞ്ഞു. ഉടൻ റഹീമിന്റെ ഫോണിൽ സന്ദേശമയച്ച് ജഡ്ജിക്കുന്നിൽ വരാനായി ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ഗ്രൗണ്ടിനു സമീപത്ത് എത്തിയപ്പോൾ പെൺകുട്ടിക്കൊപ്പം മൂന്നു യുവാക്കളെ കണ്ട് 50കാരൻ ഭയന്നു. അടുത്തെത്തിയ യുവാക്കൾ പെൺകുട്ടിയുമായുള്ള സൗഹൃദത്തിൽനിന്നു പിൻമാറാൻ റഹീമിനെ നിർബന്ധിച്ചു. എന്നാൽ പ്രതികരിക്കാൻ റഹീം തയ്യാറായില്ല. മറുപടിയില്ലാത്തതിനെ തുടർന്ന് യുവാക്കൾ റഹീമിനെ മർദിക്കുകയായിരുന്നു വെന്ന് തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപ് പറഞ്ഞു. റഹീമിനെ രാത്രിയോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തു.
