കൊച്ചി: ഒടുവിൽ ആ സന്തോഷവാർത്ത എത്തി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തുമെന്ന് ഉറപ്പായി. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്. മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാൽ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാല്‍പന്തുകളിയുടെ ഉത്സവ ദിനങ്ങൾ ആരംഭിക്കുകയാണ്. അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ എതിര്‍ ടീമായി ലോകത്തിലെ മികച്ച മറ്റൊരു ടീമിനെ കൂടി എത്തിക്കേണ്ടതുണ്ട്. അവരുമായും ചര്‍ച്ചകള്‍ നടക്കുകയാണ്. സര്‍ക്കാരും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും ചെയ്യേണ്ട കാര്യങ്ങള്‍ ഇരുവരുടെയും ഭാഗത്ത് നിന്നും പുരോഗമിക്കുന്നുണ്ട്. സെപ്തംബര്‍ അഞ്ചിന് വെനസ്വേലക്കെതിരെയും സെപ്തംബര്‍ പത്തിന് ഇക്വഡോറിനെതിരെയും ഉള്ള മത്സരങ്ങള്‍ക്ക് ശേഷം മെസിയും സംഘവും നേരെയെത്തുക കേരളത്തിലേക്കാവും. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ തയ്യാറെടുപ്പ് മത്സരം കൂടിയാകും തിരുവനന്തപുരത്തെ പോരാട്ടം.
