കുമ്പള: ജനകീയ സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് നിർത്തിവെച്ച ദേശീയപാതയിലെ കുമ്പള ടോൾ ബൂത്ത് നിർമ്മാണം വൈകിട്ട് മൂന്നരയോടെ പൊലീസ് സംരക്ഷണയിൽ പുനരാരംഭിച്ചു. പൊലീസ് കാവലിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനം തടയാൻ വീണ്ടും എത്തിയ ജനകീയ സമരസമിതി ഭാരവാഹികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എ.കെ.ആരിഫ്, അഷ്റഫ് കാർള, സി.എ.സുബൈർ, അൻവർ അരിക്കാടി, ലക്ഷ്മണപ്രഭു, നാസർ മൊഗ്രാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ ഇറങ്ങിയ ഇവരെ പിന്നീട് പ്രവർത്തകർ പ്രകടനത്തോടെ ടൗണിൽ ആനയിച്ചു. അതേസമയം ടോൾ ബൂത്ത് പണി നിറുത്തിവയ്ക്കാൻ ജില്ലാ കളക്ടർ രേഖാമൂലം നിർദ്ദേശിച്ചാൽ പണി നിർത്തിവയ്ക്കുമെന്ന് കേന്ദ്ര റോഡ്സ് വിഭാഗം പ്രതിനിധികളും കരാർ കമ്പനി പ്രതിനിധികളും പറഞ്ഞു. ട്രോൾ സംബന്ധിച്ച ഹൈവേ അതോറിറ്റി നിർദ്ദേശത്തിന് വിരുദ്ധമായാണ് കുമ്പള ആരിക്കാടിയിൽ ഹൈവേ അതോറിറ്റി ടോൾ ബൂത്ത് നിർമ്മിക്കുന്നതെന്ന സമരസമിതിയുടെയും മറ്റും പരാതികൾ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമരസമിതി ഡിവിഷൻ ബെഞ്ചിൽ പരാതി നൽകിയിട്ടുണ്ടെന്നും അതിൽ തീരുമാനമാകുന്നതു വരെ പണി നിർത്തിവെക്കണമെന്നുമാണ് സമരസമിതി അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
