കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ നിര്‍ദേശം. ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ചയും വാദം തുടരും. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിക്കെതിരേയുള്ള കൂടുതല്‍രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു.
വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വേടന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് പരാതിക്കാരി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വാദിച്ചത്. എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കി എന്നതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യം ആകര്‍ഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടനെതിരെ സമാനമായ മറ്റ് പരാതികള്‍ ഉണ്ടെന്ന് പരാതിക്കാരി അറിയിച്ചു. എന്നാല്‍, ഓരോ ആരോപണങ്ങളും പ്രത്യേകം പ്രത്യേകമായി മാത്രമേ പരിഗണിക്കാനാവുവെന്ന് കോടതി അറിയിച്ചു. കേസിലെ നിര്‍ണായക തെളിവായ വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചശേഷം പൊലീസിന്റെ മൂക്കിനു താഴെ വേടന്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചെന്നും പരാതിക്കാരി വാദിച്ചു. പരാതിക്കാരിയുടെ മൊഴി കോടതി പരിശോധിച്ചു.
