കാസർകോട്: പടന്നക്കാട് മേൽപ്പാലത്തിന് താഴെ റെയിൽവേ ട്രാക്കിൽ ഐഎൻടിയുസി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ തൊഴിലാളി യൂണിയൻ( ഐ എൻ ടി യു സി ) ജില്ലാ പ്രസിഡണ്ടും നീലേശ്വരം കൊട്രച്ചാൽ സ്വദേശിയുമായ വി.വി.സുധാകരൻ (61) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് ഇദ്ദേഹത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ പാളത്തിന് സമീപം നിർത്തിയിട്ട ശേഷമാണ് ട്രെയിനിനു മുന്നിൽ ചാടിയതെന്നാണ് വിവരം. മരിക്കുന്നതിന് അരമണിക്കൂർ മുമ്പ് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ‘എല്ലാവരും എന്നോട് ക്ഷമിക്കണം…..മാപ്പ്’ എന്നായിരുന്നു സന്ദേശം. ഹൊസ്ദുർഗ് എസ് ഐ എം.ടി.പി.സെയ്ഫുദ്ദീൻ ഉൾപ്പെടെയുള്ളവരുടെ ഫോണിലേക്ക് ഈ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ അന്വേഷിച്ചപ്പോഴാണ് പടന്നക്കാട് ഭാഗത്താണെന്ന് മനസിലായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: പ്രീത. മക്കൾ: പ്രഥ്വി, പ്രണവ്. സഹോദരങ്ങൾ: വി.വി.ശോഭ (കൗൺസിലർ, കാഞ്ഞങ്ങാട് നഗരസഭ), പരേതനായ ബാബു.
