കാസർകോട്: കാറിൽ ആറു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 3 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. 2020 ജൂൺ രണ്ടിന് പുലർച്ചെ അഞ്ച് മണിക്ക് കുമ്പള ഭാരത് പെട്രോൾ പമ്പിന് എതിർവശം വച്ച് കഞ്ചാവ് പിടികൂടിയ കേസിലെ രണ്ടാം പ്രതിയായ കണ്ണൂർ, ധർമ്മടം, മീത്തൽ പീടികയിലെ എൻകെ സൽമാനെ(26) ആണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് പ്രിയ കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. കുമ്പള എസ് ഐ ആയിരുന്ന കെ വിനോദ്കുമാറും സംഘവുമാണ് കഞ്ചാവ് പിടികൂടിയതും പ്രതികളെ അറസ്റ്റു ചെയ്തതും. അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കുമ്പള ഇൻസ്പെക്ടറായിരുന്ന പി.പ്രമോദാണ്. ഈ കേസിൽ ഒന്നാം പ്രതിക്ക് കഴിഞ്ഞ മാസം സമാനമായ ശിക്ഷ ലഭിച്ചിരുന്നു. കേസിലെ മൂന്നാം പ്രതി ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
