കാസർകോട്: തെരുവ് നായകളെ ശാസ്ത്രീയമായി വന്ധീകരിക്കുന്നതിനു മുളിയാറിൽ സ്ഥാപിച്ച എ ബി സി സെന്റർ കേന്ദ്ര സംഘം തിങ്കളാഴ്ച സന്ദർശിക്കും. കേന്ദ്രത്തിൻ്റെ പ്രവർത്തനത്തിനു ആവശ്യമായ അനുമതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ദേശീയ മൃഗക്ഷേമ ബോർഡിന്റെ പ്രത്യേക പരിശോധനയ്ക്കായാണു കേന്ദ്ര സംഘം എത്തുന്നതെന്നറിയുന്നു. പ്രത്യേക സംഘത്തിൻ്റെ പരിശോധനക്കു ശേഷം അനുമതി ലഭിച്ചാല്‍ മാത്രമേ നിയമ പ്രകാരം തെരുവു നായ്കൾക്കു വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനാവൂ. ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ആരംഭിക്കുമെന്നു ബോഡ് പ്രതിനിധി പി.കെ മനോജ് കുമാര്‍ പറഞ്ഞു. ഇതിനു വേണ്ടി രണ്ട് ഡോക്ടര്‍മാരെയും, ഒരു അനസ്‌തെറ്റിക് അസിസ്റ്റന്റ്, നാല് കെയര്‍ ടേക്കര്‍മാർ, ഒരു ശുചീകരണ തൊഴിലാളി എന്നിവരെയും പട്ടി പിടുത്തക്കാരെയും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുളിയാർ എബിസി സെന്റർ മെയ് 19നു സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തിരുന്നു.
