കാസര്‍കോട്: ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രതി പിടിയില്‍. ഓട്ടോഡ്രൈവര്‍ പരപ്പ കൂരാംകുണ്ട് സ്വദേശി മധുവിന്(48) നേരെയാണ് ആക്രമണം നടന്നത്. ചെമ്പഞ്ചേരി സ്വദേശി സുനിലാ(39)ണ് ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് വെളളരിക്കുണ്ട് പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബളാല്‍ ചെമ്പഞ്ചേരിയില്‍ വച്ചാണ് പ്രതി ഓട്ടോ തടഞ്ഞത്. റോഡില്‍ കല്ലിട്ട് ഓട്ടോയെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. പിന്നീട് കല്ലകൊണ്ട് മധുവിന്റെ തലക്കിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയില്ലെങ്കില്‍ മരണം സംഭവിച്ചേനെയെന്ന് പരാതിയില്‍ പറയുന്നു. മുന്‍വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
