മംഗളൂരു: മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമം. പ്രതിയെ ഉദ്യോഗസ്ഥന്‍ തന്നെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. കാസര്‍കോട് തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശി പ്രകാശ് ബാബുവിനെയാണ് കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ഷംസുദ്ദീന്‍(58) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ വെല്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലാണ് അക്രമം നടന്നത്. മദ്യപിച്ച് ബഹളം വച്ച ഷംസുദ്ദീനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രകാശ് ബാബു പ്ലാറ്റ്‌ഫോമില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് ബ്ലേഡ് കൊണ്ട് കഴുത്തിന് മുറിവേല്‍പ്പിച്ചത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പരിക്കേറ്റ ഉദ്യോഗസ്ഥന്‍ തന്നെ കീഴ്‌പ്പെടുത്തി. പിന്നീട് പൊലീസിന് കൈമാറി. ആശുപത്രിയില്‍ ചികില്‍സയിലുള്ള പ്രകാശ് ബാബു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവിന് 17 തുന്നിടേണ്ടി വന്നു. പ്രതിക്കെതിരെ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മോഷണ കേസ് നിലവിലുണ്ട്. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. മദ്യപിക്കാനാണ് സ്ഥിരമായി മംഗളൂരുവില്‍ എത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
