പയ്യന്നൂര്‍: മൊബൈല്‍ ഫോണില്‍ എത്തിയ വാട്‌സ്ആപ്പ് സന്ദേശം തുറന്നു നോക്കിയ ഉടൻ ഡോക്ടറുടെ ലക്ഷക്കണക്കിന് രൂപ നഷ്ടമായി. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപം ദന്തല്‍ ക്ലിനിക്ക് നടത്തുന്ന കേളോത്തെ ഡോ. സിതാര അനിലിന്റെ പണമാണ് നഷ്ടമായത്.
ജൂലായ് 28ന് ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ ഒരു വാട്‌സ്ആപ്പ് സന്ദേശമെത്തിയിരുന്നു. ആര്‍.ടി.ഒ ട്രാഫിക്ക് ചെല്ലാന്‍ 500 എ.പി.കെ എന്നായിരുന്നു സന്ദേശം. ഡോക്ടര്‍ അതില്‍ ക്ലിക്ക് ചെയ്തയുടന്‍ എച്ച്.ഡി.എഫ്.സി ബാങ്കിലെ അവരുടെ അക്കൗണ്ടില്‍ നിന്ന് 5,75,000രൂപ പിന്‍വലിക്കപ്പെട്ടു. കൂടാതെ മറ്റൊരു ഫിക്‌സഡ് ഡെപ്പോസിറ്റിലെ 35,000രൂപയും നഷ്ടമായി. അവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 1,88,000രൂപ ഓണ്‍ലൈന്‍ വായ്പയായും തട്ടിയെടുത്തു. എസ്.ഐ: പി. യദുകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
പുതിയതരം തട്ടിപ്പാണ് ഇത്. ഒരു വാട്‌സ്ആപ്പ് സന്ദേശം തുറന്നുനോക്കിയാലുടന്‍ പണം നഷ്ടപ്പെടുമെന്ന അവസ്ഥ ആളുകളെ ഭീതിയിലാഴ്ത്തി. ആര്‍.ടി.ഒ ഓഫീസ്, ബാങ്കുകള്‍ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നടക്കം പലതരം സന്ദേശങ്ങള്‍ ആളുകള്‍ക്ക് ലഭിക്കാറുണ്ട്. അവ തുറന്നുനോക്കിയാല്‍ പണം നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായാല്‍ എന്തു ചെയ്യുമെന്നാണ് ജനം ചോദിക്കുന്നത്.
