കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായ ശേഷം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സോഡ ബാബുവെന്ന ബാബുരാജ് വീണ്ടും അകത്തായി. കണ്ണൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഹീറോ ഗ്ലാമര്‍ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. ഇതിനു ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം പോയ ബൈക്ക് കൊയിലാണ്ടിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പിന്നീട് കുന്നംകുളത്തു വച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ സോഡ ബാബുവിനെ വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. ജയലില്‍ നിന്ന് ഇറങ്ങിയ ശേഷം നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. പൊലീസുകാരോട് യാത്ര ചോദിക്കാനെത്തിയതായിരുന്നു ബാബു. നല്ല ഉപദേശം നല്‍കി ഉദ്യോഗസ്ഥര്‍ പറഞ്ഞയച്ചു. എന്നാല്‍ നഗരത്തിലെ ഒരു ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ ബാബുരാജിന് രാത്രി വൈകിയത് കാരണം നാട്ടിലേക്കുള്ള ബസ് കിട്ടിയില്ല. നടന്നുപോകുന്നതിനിടെയാണ് എസ്എന്‍ പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്. പിന്നൊന്നും നോക്കിയില്ല. അതുമെടുത്ത് സ്ഥലം വിട്ടു. ഇന്ധനം തീര്‍ന്നതോടെ കൊയിലാണ്ടിയില്‍ വാഹനം ഉപക്ഷിച്ചു. ബൈക്ക് മോഷണ കേസില്‍ അന്വേഷണം നടത്തവെ കുന്നംകുളത്തുവച്ച് പ്രതിയെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളന്‍ പിടിയിലായത്. 18 മോഷണ കേസുകളില്‍ പ്രതിയാണ് സോഡാ ബാബു. പലതവണയായി പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുകയും വീണ്ടും മോഷണത്തിന് ഇറങ്ങുകയാണ് ഇയാളുടെ പതിവെന്ന് പൊലിസ് പറഞ്ഞു.
