കാസര്‍കോട്: സ്‌കൂളിനു സമീപത്തെ റോഡില്‍ കഞ്ചാവുമായി നില്‍ക്കുകയായിരുന്ന യുവാവിനെ അറസ്റ്റു ചെയ്തു. ബീഹാര്‍ സ്വദേശിയും കുണിയ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഹീരലാല്‍ മുഖ്യ (28)യെയാണ് ഹൊസ്ദുര്‍ഗ്ഗ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ വി ജിഷ്ണു കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയില്‍ നിന്നു 125 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 6.30 മണിയോടെ കുണിയ ആയമ്പാറ റോഡില്‍ കുണിയ സ്‌കൂളിനു സമീപത്തു വച്ചായിരുന്നു അറസ്റ്റ്. ഇയാള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നതായി സംശയിക്കുന്നുവെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍ കെ പി അബ്ദുല്‍ സലാം, സി ഇ ഒ മാരായ വി എ അജൂബ്, വി ജിതിന്‍, സുധീര്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
