കുമ്പള: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും, ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 (നാളെ) വരെ നീട്ടിയതോടെ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ വീട് വീടാന്തരം കയറി വോട്ടര്‍ പട്ടിക പരിശോധനയും, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന നടപടികളും വേഗത്തിലാക്കി.2025 ജനുവരി ഒന്നിനോ,അതിന് മുമ്പോ18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇത് വഴി സാധിക്കും.
ഈ മാസം ഏഴിന് സമയപരിധി കഴിഞ്ഞിരുന്നു. എന്നാല്‍ സമയം നീട്ടണമെന്ന് യുഡിഎഫ് ക്യാമ്പുകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം ഷാജഹാനെ സമീപിച്ചതോടെയാണ് 12 വരെ നീട്ടിയത്. നാളെയോടെ ഈ പ്രക്രിയ അവസാനിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം മുപ്പതിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.വോട്ട് ചേര്‍ക്കല്‍ പ്രക്രിയ നാല് ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ ആദ്യവാരം പ്രസിദ്ധീ കരിക്കുമെന്നാണ് കരുതുന്നത്.
കുമ്പളയിലും, മൊഗ്രാലും യുഡിഎഫ് പ്രവര്‍ത്തകര്‍ വീട് വീടാന്തരം കയറി പുതിയ വോട്ടര്‍മാരെ കണ്ടെത്തി പേര് ചേര്‍ക്കുന്നുണ്ട്. ഇന്നലെ കുമ്പള ഗ്രാമപഞ്ചായത്തിലെ റെയില്‍വേ സ്റ്റേഷന്‍(ഓള്‍ഡ് ബത്തേരി) വാര്‍ഡിലായിരുന്നു യുഡിഎഫ് നേതാക്കളുടെ സന്ദര്‍ശനം.മൊഗ്രാല്‍ കെ കെപ്പുറത്ത് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാലിന്റെ നേതൃത്വത്തില്‍ വോട്ട് ചേര്‍ക്കല്‍ പ്രക്രിയകളില്‍ സജീവമായി ഇടപെടല്‍ നടത്തുന്നുണ്ട്.മൊഗ്രാല്‍ വി പി കോംപ്ലക്‌സില്‍ വൈകുന്നേരമെ 7 മണി മുതല്‍ രാത്രി 10 മണി വരെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വോട്ട് ചേര്‍ക്കല്‍ ക്യാമ്പ് തന്നെ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിന് സെഡ് എ മൊഗ്രാല്‍, മുര്‍ഷിദ് കെ.വി എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു.
കുമ്പളയില്‍ വീട് വീടാന്തരം കയറിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡണ്ട് അഡ്വ: സക്കീര്‍ അഹമ്മദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവി പൂജാരി,യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എം അബ്ബാസ് കുമ്പള, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി റിയാസ് കരീം, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നിയാസ് മൊഗ്രാല്‍ എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു.
