ഇതെന്താ? കാലിത്തൊഴുത്തോ? അല്ല, മുന്‍സിപ്പല്‍ ബസ്സ്റ്റാന്റാണ്. പ്രവേശന ദ്വാരത്തിന്റെ മേല്‍ഭാഗത്തായി നെറ്റിപ്പട്ടം ചാര്‍ത്തിയത് പോലെ എഴുതി വെച്ചത് കണ്ടില്ലേ? എന്നാല്‍ അകത്തേയ്ക്ക് രണ്ട് ചുവട് വെച്ചാലോ? നേരത്തേ അനുഭവപ്പെട്ട ദുസ്സഹ ദുര്‍ഗന്ധം- കാലിത്തൊഴുത്തിനടുത്തെത്തുമ്പോള്‍ അനുഭവപ്പെടാറുള്ളത് -അതിന്റെ കാരണം മനസ്സിലാകും. അവിടവിടെ ചാണകം. തളം കെട്ടിക്കിടക്കുന്ന കാലിമൂത്രവും. ബസ്സ്റ്റാന്റ് എന്ന് തെറ്റിദ്ധരിപ്പിക്കുക- ഇതാണോ ‘മൊഞ്ചും പാങ്ങും’ ഉള്ള കാസര്‍കോടെന്ന് ആളുകള്‍ അത്ഭുതപ്പെട്ടുപോകുന്നു.
ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്. പിഴചുമത്തും എന്ന് പാതയോരങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാറുണ്ടല്ലോ. ഇവിടെ അത് ചെയ്തിട്ടില്ല. അത് കൊണ്ടല്ലേ കന്നുകാലികള്‍ ഇവിടെ മാലിന്യം നിക്ഷേപിച്ചത്
‘നിക്ഷേപിക്കുക’-ആകര്‍ഷകമായ പ്രലോഭനീയമായ പ്രയോഗം! നിക്ഷേപിച്ചാല്‍ എന്ത് നേട്ടമുണ്ടാകും എന്ന് ചോദിക്കും. ആ അര്‍ത്ഥത്തിലല്ല പാതയോരത്ത് എഴുതിവെച്ചത്. താഴെ എറിയുക, ഉപേക്ഷിക്കുക എന്നെല്ലാം അര്‍ത്ഥമുണ്ട് നിക്ഷേപിക്കുക എന്ന പദത്തിന്.
നിങ്ങള്‍- (അതായത് മാലിന്യം നിക്ഷേപിക്കുന്നവര്‍)- ക്യാമറയുടെ നിരീക്ഷണത്തിലാണ് എന്നും അറിയിക്കുന്നുണ്ട്. താന്‍ തെറ്റ് ചെയ്യുന്നത് ആരും അറിയുന്നില്ല എന്ന് ധരിക്കരുത്. കാണുന്നുണ്ട്. പിഴ അടപ്പിക്കുക തന്നെ ചെയ്യും. എന്നാല്‍, ഈ തെറ്റ് ചെയ്യുന്ന എല്ലാവര്‍ക്കും പിഴയിടാറുണ്ടോ? എല്ലാവരെയും ശിക്ഷിക്കാറുണ്ടോ? അവിടെയാണ് ഭരണാധികാരികളുടെ ഗുരുതരമായ വീഴ്ച കാണുന്നത്.’വാദിപ്രതി’യാകുന്ന സ്ഥിതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിലേയ്ക്ക് വന്‍ വരുമാനം ലഭ്യമാകും, മാലിന്യ നിക്ഷേപകരെ ഒന്നൊഴിയാതെ പിടികൂടി പിഴയിടുകയാണെങ്കില്‍. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യുന്നില്ല. കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്നവരും ശിക്ഷിക്കപ്പെടണം.
ബസ്സ്റ്റാന്റില്‍ കന്നുകാലികള്‍ മാലിന്യം നിക്ഷേപിക്കുന്ന കാര്യം പറഞ്ഞാണ് തുടങ്ങിയത്. കന്നുകാലികള്‍ വന്യമൃഗങ്ങളല്ല. വളര്‍ത്തു മൃഗങ്ങളാണ്. യഥാസമയം തീറ്റയും കുടിവെള്ളവും ആവശ്യാനുസരണം നല്‍കി വളര്‍ത്തണം. ആദായകരമാണ് കാലി വളര്‍ത്തല്‍. എന്നാല്‍, ആദായമെടുത്ത ശേഷം തെരുവിലേയ്ക്ക് വിടുന്നതും പൊതുജന ശല്യമാകുന്നതും ശിക്ഷാര്‍ഹമായ കുറ്റം തന്നെയല്ലേ?
പൊതു സ്ഥലങ്ങളിലെ എല്ലാ മാലിന്യവും കന്നുകാലികളുണ്ടാക്കുന്നവയല്ല. പലതരം മാലിന്യങ്ങളുണ്ട്. എല്ലാം തനിയേ ഉണ്ടാകുന്നവയല്ല. മനുഷ്യര്‍ ഉണ്ടാക്കുന്നവ. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയും എന്തും എവിടെയും. അവനവന്റെ വീടും പരിസരവും. (അതും പരിമിതമായ അളവില്‍ മാത്രം)- വെടിപ്പാക്കി വെയ്ക്കണം. അതിനായി തല്‍ക്കാലം ആവശ്യമില്ലാത്തതെന്ന് തോന്നുന്നവ വലിച്ചെറിയും. മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുമോ എന്ന ചിന്തയേ ഇല്ല.
‘കാസര്‍കോട് ജില്ലയില്‍ മാലിന്യ സംസ്‌ക്കരണം കീറാമുട്ടി’- പത്രവാര്‍ത്ത. നിയമമുണ്ട് -മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച്. ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതെങ്ങനെ എന്ന് അറിയാം. എന്നാല്‍ ചെയ്യില്ല.
മാലിന്യം വലിച്ചെറിയുന്നു. അതാണ് എളുപ്പ വഴി. അല്ലെങ്കില്‍, കൂട്ടിയിട്ട് കത്തിക്കുന്നു. നഗരത്തില്‍ മാത്രമല്ല, പഞ്ചായത്തുകളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നു. സാനിറ്ററി നാപ്കിന്‍സ്, കുട്ടികളുടെ നാപ്കിന്‍സ് – ഇത്യാദികളുടെ സംസ്‌ക്കരണത്തിനും സൗകര്യമില്ലത്രേ. ആരാണ് സൗകര്യം ഉണ്ടാക്കേണ്ടത്? അവരവര്‍തന്നെ; തദ്ദേശങ്ങള്‍ സ്വയം ഭരിക്കാന്‍ ചുമതലയുള്ളവരും.
ജില്ലാ തലത്തില്‍ എന്‍ഫോഴ്സ്മെന്റ് ടീം ഉണ്ട് മാലിന്യ സംസ്‌ക്കരണം നിരീക്ഷിക്കാന്‍. കഴിഞ്ഞ ഏഴ് മാസക്കാലയളവില്‍ മാലിന്യ സംസ്‌ക്കരണത്തില്‍ വീഴ്ച വരുത്തിയവരില്‍ നിന്നും പതിമൂന്ന് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കിയതായി അറിയിച്ചിട്ടുണ്ട്. ഫ്ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്നവര്‍ക്ക് മാലിന്യ സംസ്‌ക്കരണ സൗകര്യമില്ലത്രേ. കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നവരുടെ വീഴ്ചയാണത്. അവര്‍ക്കും പിഴചുമത്തണം. മലിന ജലം ഓടയിലേയ്ക്കും തുറസ്സായ സ്ഥലത്തേയ്ക്കും ഒഴുക്കിവിടുന്നു. കുടിവെള്ളം അപകടകരമാം വിധം മലിനമാകാനിടയാകുന്നു. പലേടത്തും തെറ്റുകാര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. എന്നാല്‍ കാര്യക്ഷമമല്ല അതും. നഗരസഭയുടെ തനത് ഫണ്ട്- അതാണ് നഷ്ടപ്പെടുന്നത്. ഈ കൃത്യലോപം ശിക്ഷാര്‍ഹമാണ്.
നമ്മുടെ നഗരസഭയെകുറിച്ച് പറയുമ്പോള്‍, ‘കേളുഗുഡ്ഡെ’യെ മറക്കാമോ?
മാലിന്യ സംസ്‌ക്കരണത്തിന് സൗകര്യമില്ല, സ്ഥലമില്ല എന്ന് വിലപിക്കുന്നവര്‍ അങ്ങോട്ട് കണ്ണോടിക്കുക- കേളുഗുഡ്ഡെയിലേയ്ക്ക്.
നഗരമാലിന്യങ്ങള്‍ ഒരു കാലത്ത് ലോറികളില്‍ കൊണ്ടുപോയി അവിടെ നിക്ഷേപിക്കുമായിരുന്നു- വിശാലമായ ഒരിടത്ത് ചൊരിയും എല്ലാത്തരം മാലിന്യവും. സംസ്‌ക്കരിക്കുന്നത് പോകട്ടെ, രണ്ട് വട്ടി മണ്ണ്, മാലിന്യക്കൂമ്പാരത്തിന് മുകളില്‍ നിരത്താന്‍ പോലും നേരമില്ല. തെരുവു പട്ടികളും കാട്ടു പന്നികളും കാക്കകളും എത്തും- സുഭിക്ഷമായ സദ്യയല്ലേ അവിടെ! പരിസരവാസികളുടെ സൈ്വര ജീവിതം ദുസ്സഹമായി. കിണറുകള്‍ മലിന പൂര്‍ണ്ണമായി. പകര്‍ച്ച വ്യാധികള്‍ വ്യാപകമായി. അവര്‍ പ്രതിഷേധിച്ചു. മാലിന്യം കയറ്റി വരുന്ന ലോറികള്‍ തടഞ്ഞു. രാത്രിയിലായി പിന്നെ മാലിന്യ ലോറികളുടെ വരവ്. അത് അങ്ങനെത്തന്നെ നഗരസഭാ കാര്യാലയത്തിലേയ്ക്ക് തിരികെ എത്തിച്ചു. ഇവിടെ നിന്ന് അങ്ങോട്ടയച്ചത്. ആ മാലിന്യ നിക്ഷേപ പദ്ധതി നിന്നു. ‘മാന്യ’യിലോ മറ്റോ നാലഞ്ചേക്കര്‍ സ്ഥലം വാങ്ങി- മാലിന്യ നിക്ഷേപത്തിന്. കേളു ഗുഡ്ഡെയിലുണ്ടായത് മനസ്സിലാക്കിയ തദ്ദേശീയര്‍ പ്രതിഷേധിച്ചപ്പോള്‍ മാന്യയിലെ പദ്ധതിയും വേണ്ടെന്ന് വെച്ചു. ഇപ്പോള്‍ നമ്മുടെ നഗരസഭയ്ക്ക് മാലിന്യ സംസ്‌ക്കരണ പദ്ധതിയുണ്ടോ എവിടെയെങ്കിലും? സംസ്‌ക്കരണ പ്ലാന്റ്? ഇല്ലെങ്കിലെന്താ? ‘പാങ്ങും മൊഞ്ചും’ ഉണ്ടല്ലോ!
