കാസര്‍കോട്: ചെര്‍ക്കളയില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, പുത്തൂര്‍, രാമകുഞ്ചെ, ആത്തുര്‍, കുണ്ടാജെയിലെ സി.കെ ഷമീറി(32)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. ജുലായ് 24ന് രാത്രി 9 മണിയോടെ ചെര്‍ക്കള ടൗണിലാണ് കേസിനാസ്പദമായ സംഭവം. ചെര്‍ക്കള നോര്‍ത്തിലെ കോളിക്കട്ട ഹൗസിലെ മുഹമ്മദ് നവാസ് (32)ആണ് വധശ്രമത്തിനു ഇരയായത്. സംഭവ ദിവസം കാറിലെത്തിയ ഇര്‍ഷാദ് ഷബീര്‍, ഹാഷിം, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്ന് മുഹമ്മദ് നവാസിനെ തടഞ്ഞു നിര്‍ത്തുകയും തലക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. നിലത്തുവീണ പരാതിക്കാരനെ ഇരുമ്പു വടി കൊണ്ട് കൈകാലുകള്‍ക്കു അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നും മുന്‍ വിരോധമാണ് കാരണമെന്നും വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്തത് ഇപ്പോള്‍ അറസ്റ്റിലായ ഷമീര്‍ ആണെന്നു പൊലീസ് പറഞ്ഞു.
