കാസർകോട്: സ്കൂട്ടറിൽ കറങ്ങി മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബേക്കൽ പൊലീസിന്റെ പിടിയിലായി. കീഴൂര്‍ സ്വദേശിയും ഇപ്പോൾ കോളിയടുക്കം, പെരുമ്പള മേല്‍പ്പറമ്പ ബിഎസ്‌എന്‍എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് ഓഫീസിന് സമീപം താമസിക്കുന്ന മുഹമ്മദ് ഷംനാസി(33 )നെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി, നാദാപുരം, ന്യൂ മാഹി എന്നീ പൊലീസ് സ്റ്റേഷനുകളിൽ യുവാവിനെതിരെ നിരവധി മാല മോഷണ കേസുകൾ നിലവിലുണ്ട്. സ്കൂട്ടറിൽ കറങ്ങി വഴിയാത്രക്കാരായ സ്ത്രീകളുടെ മാല തട്ടിപ്പറിച്ചെടുത്ത ശേഷം രക്ഷപ്പെടുകയാണ് പതിവ്. ബേക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടാൻ കഴിഞ്ഞത്. അതിസാഹസികമായി പിടികൂടിയ പ്രതിയെ പിന്നീട് ന്യൂ മാഹി പൊലീസിന് കൈമാറി. ബേക്കൽ, മേല്പറമ്പ, കാസർകോട്,പരിയാരം പൊലീസ് സ്റ്റേഷനുകളിൽ പത്തോളം മാല മോഷണ കേസുകളും, വയനാട് ജില്ലയിൽ മയക്കുമരുന്ന് കേസുകളും യുവാവിനെതിരെ നിലവിലുണ്ട്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭാരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം ബേക്കൽ ഡിവൈഎസ്പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ ബേക്കൽ ഇൻസ്പെക്ടർ ശ്രീദാസ് എം വി, എസ് ഐ സവ്യസച്ചി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
