കുമ്പള: പ്രകൃതിദത്ത യൂനാനി ചികിത്സക്കു രോഗികളേറുന്നു. യൂനാനി ചികിത്സ ഫലപ്രദമെന്ന് കണ്ടതോടെ സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ കൂടുതല്‍ രോഗികള്‍ എത്തിത്തുടങ്ങി. ഇതുമൂലം ഈ വര്‍ഷം ആദ്യം നേരിയ മരുന്ന് ക്ഷാമം നേരിട്ടു. ഡിസ്‌പെന്‍സറിയുടെ ഭരണ ചുമതല വഹിക്കുന്ന കുമ്പള പഞ്ചായത്ത് മരുന്ന് വാങ്ങാന്‍ 2 ലക്ഷം രൂപ കൂടുതല്‍ നല്‍കി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 32 ലക്ഷം രൂപയുടെ മരുന്ന് നല്‍കിയത് രോഗികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
ആശുപത്രിയില്‍ മരുന്ന് ക്ഷാമം അനുഭവപ്പെട്ട വിവരം മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷക്കീര്‍ അലി കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും, സെക്രട്ടറിയെയും നേരിട്ട് അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം ആദ്യ അജണ്ടയാക്കി വിഷയം ചര്‍ച്ച ചെയ്യുകയും, മരുന്ന് എത്തിക്കാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. കഴിഞ്ഞവര്‍ഷം 30 ലക്ഷം രൂപയുടെ മരുന്നാണ് നല്‍കിയിരുന്നത്. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ, വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ എന്നിവര്‍ പ്രത്യേക താല്‍പര്യമെടുത്താണ് രണ്ട് ലക്ഷം രൂപ ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ കൂട്ടി നല്‍കിയതെന്ന് പറയുന്നു. 32 ലക്ഷം രൂപയുടെ മരുന്നാണ് എത്തിച്ചു നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്റെയും, ഭാരതീയ ചികിത്സാ വകുപ്പിന്റെയും സഹായവും ലഭിക്കാറുണ്ട്.
ഭാരതീയ ചികിത്സ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 2020-21 ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററായി ഉയര്‍ത്തിയതോടെ ജില്ലയിലെയും, അതിര്‍ത്തി പ്രദേശങ്ങളിലെയും രോഗികള്‍ ഇവിടെ ചികിത്സ തേടുന്നുണ്ട്.
ആരോഗ്യ കേന്ദ്രത്തില്‍ പുതുതായി ആരംഭിച്ച ഹെല്‍ത്ത്&വെല്‍നസ് സെന്ററില്‍ റെജിമെന്റ് തെറാപ്പിയും, ഫിസിയോതെറാപ്പിയും ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കിവരുന്നുണ്ട്.
