കാസര്‍കോട്: പീഡനത്തിനിരയായ 17കാരി പ്രസവിച്ചു. അതീവ രഹസ്യമായി കുഞ്ഞിനെ അനാഥ മന്ദിരത്തില്‍ കൈമാറാനുള്ള ശ്രമത്തിനിടയില്‍ സംഭവം പുറത്തായി. പെണ്‍കുട്ടിയുടെ ഗര്‍ഭത്തിനുത്തരവാദിയായ രക്തബന്ധത്തിലുള്ള യുവാവിനെ ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കുമ്പഡാജെ പഞ്ചായത്തില്‍ താമസക്കാരനും ഭാര്യയും മൂന്നു മക്കളുമുള്ള 39കാരനാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് പ്രതി. പ്ലസ്ടു കഴിഞ്ഞ ശേഷം വീട്ടില്‍ തന്നെയായിരുന്നു പെണ്‍കുട്ടി. ഇതിനിടയിലാണ് രക്തബന്ധത്തിലുള്ള യുവാവില്‍ നിന്ന് പീഡനം ഉണ്ടായത്. പിന്നീട് കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കാനിംഗ് നടത്തണമെന്നായിരുന്നു പരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചത്. എന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ അവിടെ നിന്നിറങ്ങി മറ്റൊരാശുപത്രിയില്‍ ചികിത്സ തേടി. അവിടെ വച്ച് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന സൂചന ലഭിച്ചു. വിവാഹിതയും 19 വയസ്സുമുണ്ടെന്ന് പറഞ്ഞതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് മറ്റു സംശയങ്ങളുണ്ടായില്ലത്രെ. എന്നാല്‍ അതിനു ശേഷം പ്രസ്തുത ആശുപത്രിയില്‍ തുടര്‍ ചികിത്സക്ക് പോകാതെ മാതാവിന്റെ അടുത്ത ബന്ധുവിന്റെ സഹായത്തോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടി ഗർഭിണിയാണെന്ന കാര്യം പുറത്തറിയാതിരിക്കുവാൻ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റി. ജുലൈ മാസം പെണ്‍കുട്ടി ആണ്‍ കുഞ്ഞിന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ജന്മം നല്‍കി. പ്രായ പൂര്‍ത്തിയാണെന്നു അറിയിച്ചതിനാല്‍ ആശുപത്രി അധികൃതരും വിവരം പുറത്തുവിട്ടില്ല. ആശുപത്രിയില്‍ നിന്ന് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് പ്രശ്‌നമാകുമോ എന്ന ഭയത്താല്‍ കുഞ്ഞിനെ ഏതെങ്കിലും അനാഥ മന്ദിരത്തിലേല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുഞ്ഞുമായി തലശ്ശേരിയിലെ അനാഥമന്ദിരത്തിലെത്തിയത്. സംഭവത്തില്‍ സംശയം തോന്നിയ ഓര്‍ഫനേജ് അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു വിവരം കൈമാറി. അവര്‍ക്കും കുഞ്ഞിനെ അനാഥ മന്ദിരത്തിനു കൈമാറാന്‍ എത്തിയ സംഭവത്തില്‍ ദുരൂഹത തോന്നി. തുടര്‍ന്ന് സി.ഡബ്ല്യു.സി തലശ്ശേരി പൊലീസിനെ വിവരമറിയിച്ചു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷം തലശ്ശേരി പൊലീസ് ബദിയഡുക്ക പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷം മാതാവിന്റെ അടുത്ത ബന്ധുവായ യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്.
