കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്നു എയ്‌സ് വാഹനത്തില്‍ കടത്തുകയായിരുന്ന 1,14,878 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും 60 കിലോ പുകയില പൊടിയുമായി യുവാവ് അറസ്റ്റില്‍. മധൂര്‍, ഹിദായത്ത് നഗര്‍, ചെട്ടുംകുഴി ഹൗസിലെ എ റാഷിദി(31)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷ്, എസ്.ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി 10 മണിയോടെ മൊഗ്രാല്‍ പാലത്തിനടുത്തു വച്ചാണ് പൊലീസ് പുകയില ഉല്‍പ്പന്ന വേട്ട നടത്തിയത്. വാഹന പരിശോധനയ്ക്കിടയില്‍ എത്തിയ എയ്‌സ് വാന്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങളും പുകയില പൊടിയും കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ പ്രൊബേഷണറി എസ്.ഐ ആനന്ദകൃഷ്ണന്‍, എ.എസ്.ഐ സുരേഷ് എന്നിവരും ഉണ്ടായിരുന്നു.
