കാസര്‍കോട്: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൊഗ്രാല്‍ ജിവിഎച്ച്എസ്എസിന്റെ ഏഴു ക്ലാസ്സ് റൂമുകള്‍ പ്രവര്‍ത്തിക്കുന്ന ഓടുമേഞ്ഞ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കുമ്പള പഞ്ചായത്ത് എഞ്ചിനീയര്‍ റദ്ദ് ചെയ്തു. വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ഈ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു.
സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര സുരക്ഷാ ഭീഷണിയിലാണെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി.
മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2500ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ആവശ്യമായ കെട്ടിടസൗകര്യം ഇപ്പോള്‍ അവിടെ ഇല്ല. സ്‌കൂള്‍ കെട്ടിടത്തിനായി പി.ടി.എ-എസ്.എം.സി കമ്മിറ്റികള്‍ നിരന്തരമായി അധികൃതരെ സമീപിക്കുന്നുണ്ട്. സ്‌കൂളില്‍ നടന്ന വികസന ഫണ്ട് തിരിമറി മൂലം പണ്ട് അനുവദിച്ചു കിട്ടാനും ഇപ്പോള്‍ പി.ടി.എ പ്രയാസം നേരിടുന്നുണ്ടെന്നു പറയുന്നു.
കെട്ടിട അറ്റകുറ്റപ്പണികള്‍ക്ക് 5.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പിടിഎ കമ്മിറ്റി. സ്‌കൂളിന്റെ മേല്‍നോട്ടമുള്ള ജില്ലാ പഞ്ചായത്തിനെ സമീപിച്ചിട്ടുമുണ്ട്. കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കണമെന്നു മൊഗ്രാല്‍ റെഡ് സ്റ്റാര്‍ വിദ്യാഭ്യാസ മന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും നിവേദനം നല്‍കിയിട്ടുണ്ട്.
